വിമതശല്ല്യം പരിഹരിക്കാന്‍ കൂട്ട പുറത്താക്കലിനൊരുങ്ങി കോണ്‍ഗ്രസ്; ഇതുവരെ നടപടിയെടുത്തത് 58 പേര്‍ക്കെതിരെ



തിരുവനന്തപുരം :തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടയിലും വിമത ഭീഷണി കോണ്‍ഗ്രസിനെ കുഴക്കുന്നു. പല ജില്ലകളിലും നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും പിന്‍മാറാതെ വിമതര്‍ മത്സര രംദത്ത് തുടരുകയാണ്. ഇതിനകം 58 പേരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കഴിഞ്ഞു. പ്രചാരണ രംഗത്ത് പിന്‍മാറാത്ത കൂടുതല്‍ പേര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂട്ടത്തോടെ നടപടിയെടുക്കാനാണ് കെ പി സി സി നീക്കം.

സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇടം നഷ്ടപ്പെട്ടതോടെ കെ പി സി സി സ്ഥാനാര്‍ഥി നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് പലയിടങ്ങളിലും വിമതര്‍ രംഗത്തെത്തിയത്. പാര്‍ട്ടി, മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരെ പ്രാദേശിക തലത്തില്‍ അനുനയിപ്പിക്കാനായിരുന്നു ആദ്യം നിര്‍ദേശം നല്‍കിയിരുന്നത്. മണ്ഡലം-ബ്ലോക്ക്-ജില്ലാ തലങ്ങളില്‍ തീരാത്ത തര്‍ക്കങ്ങളില്‍ കെ പി സി സി സമിതി നേരിട്ടാണ് ഒത്തു തീര്‍പ്പുണ്ടാക്കിയത്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായും തീര്‍ക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

Previous Post Next Post