തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണശാലകൾ നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഹോട്ടലുകളിൽ വേണ്ടത്ര അകലം പാലിക്കാതെ ആളുകൾ തിങ്ങി നിറയുന്നത് ഹോട്ടലിന്റെ നടത്തിപ്പുകാർ അനുവദിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
വിദേശ രാജ്യങ്ങളിൽ ഭക്ഷണശാലകളിൽ നിന്നും പബ്ബുകളിൽ നിന്നുമാണ് രോഗബാധ കൂടുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലുകളുടെ എണ്ണമെടുത്താൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ കൂട്ടംകൂടേണ്ട ആവശ്യമില്ല. ഹോട്ടലുകളിലെ എസി മുറികളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഴിയോര കടകൾക്കു മുന്പിൽ കൂട്ടംകൂടുന്നതും അനുവദിക്കാൻ കഴിയില്ല. ജാഗ്രതയോടെ ഹോട്ടലുകൾ പ്രവർത്തിക്കണം. ജാഗ്രതയോടെ വേണം പൊതുജനങ്ങൾ ഹോട്ടലുകൾ സന്ദർശിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.