അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് രോഗികൾ വെന്തുമരിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ സമയം ഐസിയുവിൽ 11 രോഗികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയിൽ ആകെ 33 രോഗികൾ ഉണ്ടായിരുന്നു. ഐസിയുവിലെ രോഗികളാണ് മരിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.