ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും


കാസർഗോഡ് :ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. റിമാന്‍ഡിലായ എം.സി
കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷക്കൊപ്പം അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കേസിലെ കൂട്ടുപ്രതി ജ്വല്ലറി എംഡി ടി.കെ പൂക്കോയ തങ്ങള്‍, സ്ഥാപനത്തിലെ ചില ജീവനക്കാര്‍ എന്നിവരുടെ അറസ്റ്റ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വിളിപ്പിച്ച ശേഷം മുങ്ങിയ ടി.കെ പൂക്കോയ തങ്ങള്‍ക്ക് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കോടതിയില്‍ കീഴടങ്ങലല്ലാതെ മറ്റു വഴികളില്ല. ഒപ്പം സാമ്പത്തിക ഇടപാടുകളില്‍ സംശയിക്കുന്ന തങ്ങളുടെ മകന്‍ ഹിഷാം,ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് എന്നിവരെ കണ്ടെത്തേണ്ടതും അനിവാര്യമാണ്.

ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കമറുദ്ദീനെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നല്‍കിയത്. ഈ ഘട്ടത്തില്‍ കസ്റ്റഡിയനുവദിക്കാന്‍ തന്നെയാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. കമറുദ്ദീനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. രണ്ടു ദിവസത്തേക്കാണ് എംഎല്‍എയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Previous Post Next Post