മൂന്നാം തവണ പുതിയ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

 


ദില്ലി : വീണ്ടും പുതിയ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്നാം തവണയാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെ പറഞ്ഞു.


തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ പദ്ധതിയുണ്ട്. പദ്ധതിയുടെ പേര് ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന എന്നാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. 1,000ത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും.


നഷ്ടത്തിലായ സംരംഭകര്‍ക്ക് അധിക വായ്പാ ഗാരണ്ടി പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷം മൊറട്ടോറിയവും നാല് വര്‍ഷം തിരിച്ചടവ് കാലവധിയും നീട്ടി നല്‍കും.


പന്ത്രണ്ട് പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയില്‍ 65,000 കോടി രൂപയുടെ വളം സബ്‌സിഡി പദ്ധതികളും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്‌ക്കേണ്ട തുകയിലും ഇളവുണ്ട്. 5-10 ശതമാനത്തില്‍ നിന്ന് 3 ശതമാനമായാണ് കുറച്ചത്. വീടുവാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് നല്‍കും. സര്‍ക്കാര്‍ പറഞ്ഞ വിലയ്ക്കും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ അവകാശപ്പെടാവുന്ന വ്യത്യാസം 10ല്‍ നിന്ന് 20 ശതമാനം ആക്കി.
Previous Post Next Post