കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല. ക്യാന്‍സര്‍ ബാധിതനായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാവുന്ന ആരോഗ്യസ്ഥിതിയിലല്ലെന്ന് കോടതി വിലയിരുത്തി. കോടതി നിയോഗിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപ്പോര്‍ട്ട് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ചു.
ഇതില്‍ ഇബ്രാഹിംകുഞ്ഞിന് ചികില്‍സ തുടരേണ്ടതുണ്ടെന്ന് സംഘം വ്യക്തമാക്കി. കസ്റ്റഡിയില്‍ വിടാവുന്ന ആരോഗ്യസ്ഥതി ഇപ്പോഴില്ലെന്നും വിദഗ്ധ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
19 ന് ഇബ്രാഹിംകുഞ്ഞിനെ കീമോ തെറാപ്പി ചെയ്തു. അടുത്തമാസം വീണ്ടും കീമോ ചെയ്യണം. ലേക് ഷോര്‍ ആശുപത്രിയില്‍ 33 തവണ പരിശോധിച്ചു.
ഇബ്രാഹിംകുഞ്ഞിനെ ചികില്‍സിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നിന്നും മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും ആശുപത്രി മാറ്റത്തില്‍ തീരുമാനം എടുക്കുക. ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കുമെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി.