ന്യൂദൽഹി: ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം അടുത്ത വര്‍ഷം ഒക്ടോബര്‍ 15നു മുമ്പു പരമാവധി 26 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.
ഇരുപത്താറു ശതമാനം പരിധിക്കുള്ളില്‍ വിദേശ നിക്ഷേപമുള്ള കമ്പനികള്‍ ഒരു മാസത്തിനുള്ളില്‍ ഓഹരികളുമായി ബന്ധപ്പെട്ട പൂര്‍ണവിവരം സമര്‍പ്പിക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശനിക്ഷേപ പരിധി 26 ശതമാനമാണ്. എന്നാല്‍ പല ഡിജിറ്റല്‍ മാധ്യമങ്ങളും ഇതില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണു ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തിങ്കളാഴ്ച ഉത്തരവിറക്കിയത്.
ഇരുപത്താറു ശതമാനത്തില്‍ കുറവ് നിക്ഷേപമുള്ള കമ്പനികള്‍ ഓഹരികളുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങളും ഡയറക്ടര്‍മാര്‍, പ്രമോര്‍ട്ടര്‍മാർ, ഓഹരിയുടമകള്‍ എന്നിവരുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നു നിര്‍ദേശമുണ്ട്. നിലവില്‍ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ കൂടുതലുള്ള കമ്പനികളും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. 2021 ഒക്ടോബര്‍ 15നുള്ളില്‍ വിദേശനിക്ഷേപം 26 ശതമാനമെന്ന പരിധിയില്‍ താഴെയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തിന്റെ വിശദവിവരങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനെ രേഖാമൂലം അറിയിക്കണമെന്നും മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അമരേന്ദ്ര സിംഗ് ഒപ്പുവച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു.
പുതുതായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ വിദേശനിക്ഷേപ സഹായ പോര്‍ട്ടലായ ഡിപിഐഐടിയുടെ അനുമതി തേടണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. വിദേശ നിക്ഷേപമുള്ള മാധ്യമങ്ങളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും പൗരത്വം സംബന്ധിച്ച നിബന്ധനകളും നിര്‍ദേശങ്ങളും സ്ഥാപനങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കരാര്‍, കണ്‍സള്‍ട്ടന്‍സി, നിയമനം തുടങ്ങിയ രീതിയില്‍ ഒരു വര്‍ഷത്തില്‍ 60 ദിവസത്തില്‍ കൂടുതല്‍ കാലയളവിലേക്കു നിയമിക്കുന്ന എല്ലാ വിദേശികളുടെയും സുരക്ഷാ ക്ലീയറന്‍സ് നേടിയിരിക്കണമെന്നതാണു മറ്റൊരു നിര്‍ദേശം. വിദേശ പൗരന്മാരെ നിയമിക്കുന്നതിന് 60 ദിവസം മുമ്പ് വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ അതാതു സ്ഥാപനങ്ങള്‍ അപേക്ഷിക്കുകയും വേണം. മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷമേ വിദേശികളെ നിയമിക്കാവൂ.
ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍, കറന്റ് അഫയേഴ്സ് തുടങ്ങിയവ സംപ്രക്ഷേപണം ചെയ്യുന്ന കമ്പനികള്‍ക്കു വിദേശ നിക്ഷേപം 26 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.