മലയാള ചലച്ചിത്ര ലോകത്തിന് ജയനെ മറക്കാനാവില്ല. ജയന്റെ ഓർമ്മകളെയും. ജയന്റെ മരിക്കാത്ത ഓർമ്മകൾക്ക് ഇന്ന് 40 വയസ്സ് തികയുന്നു.
യുവത്വത്തിന്റെ ലഹരി ആവോളം പകർന്നു നൽകിയ, ഏതാണ്ട് ഒരു പതിറ്റാണ്ടു മാത്രം നീണ്ട നടന വിസ്മയമായിരുന്നു ജയൻ.
മലയാള സിനിമയുടെ ഒരു കാലത്തെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യവും. ജയന്റെ വരവ് വരെ മലയാള സിനിമയുടെ നായക സങ്കൽപ്പങ്ങൾക്ക് മടുപ്പിക്കുന്ന ഒരേ മുഖങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
ജയൻ മാറ്റത്തിന്റെ പുതിയ മുഖമായിരുന്നു. വില്ലൻ കഥാപാത്രങ്ങൾക്കും സൗന്ദര്യമുണ്ടെന്ന വസ്തുത കൂടി മലയാള സിനിമാലോകം അംഗീകരിക്കുകയായിരുന്നു.
വില്ലൻ റോളുകളിലൂടെയും സംഘട്ടന രംഗങ്ങളിലൂടെയുമാണ് ജയൻ ആദ്യം സിനിമയിലെത്തുന്നത്. പിന്നീട് പകരക്കാരനില്ലാത്ത നായക സ്ഥാനത്തേക്കുള്ള ആരോഹണത്തിന് അധികകാലം വേണ്ടി വന്നില്ല. "മേ ബീ വീ ആർ കൂലീസ്......." എന്നു തുടങ്ങുന്ന ഡയലോഗ് മനസ്സിൽ പതിയാത്തവരാറായി അങ്ങാടി എന്ന സിനിമ കണ്ട ഒരാൾ പോലുമുണ്ടാകില്ല. മലയാളിയുടെ പൗരുഷത്തിന്റെ പ്രതീകമായി പിന്നീട് ജയൻ മാറി. 1970 ൽ തുടങ്ങിയ സിനിമ ജീവിതം എൺപതിൽ കോളിളക്കം എന്ന ചിത്രത്തോടെയാണ് അവസാനിക്കുന്നത്.
'നടൻ ആകുന്നതിനു മുൻപ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു . "കസ്തൂരി മാൻമിഴി മലർശരമെയ്ത് ..... '' എന്ന് പാടി സിനിമ ആസ്വാദകരുടെ ഉള്ളിൽ ജയൻ ഇന്നും ജീവിക്കുകയാണ്.