മുല്ലപ്പള്ളിയോട് പോരിനുറച്ച് കെ.മുരളീധരൻ




വടകരയിൽ ആർഎംപിയെ പറ്റിച്ചത് മുൻ നിർത്തി കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഏറ്റുമുട്ടാൻ ഒരുങ്ങി കെ.മുരളീധരൻ.

യു ഡി എഫ് കണ്‍വീനര്‍ പദവി തട്ടിത്തെറിപ്പിച്ച മുല്ലപ്പള്ളിയോട് രോഷം തീർക്കാനുള്ള അവസരമായാണ് വടകര പ്രശ്നം  കെ മുരളീധരന്‍ എം പി. കാണുന്നത്. ഉമ്മന്‍ചാണ്ടിയുടെയും , ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെയും പിന്‍തുണയോടെയാണ് മുരളി കണ്‍വീനര്‍ സ്ഥാനത്തിന് ശ്രമിച്ചത് എന്നാല്‍ അത് അംഗീകരിക്കാതെ എ കെ ആന്റണിയുടെ മനസറിവോടെ മുല്ലപ്പള്ളി കരുക്കള്‍ നീക്കി ഹസനെ എത്തിക്കുകയായിരുന്നു. ഇതാണ് രോഷത്തിന് കാരണം..

വടകരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന്  മുരളീധരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വിമത സ്ഥാനാര്‍ത്ഥിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് മുരളീധരന്‍ എംപി വിശദമാക്കി..

പഞ്ചായത്തില്‍ പ്രദേശിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും നഗരസഭകളിലും ജില്ല പഞ്ചായത്തിലും സംസ്ഥാന രാഷ്ട്രീയം ചര്‍ച്ചയാകും എന്നാണ് കെ മുരളീധരന്‍ പറയുന്നത്. അര്‍ഹിച്ചവര്‍ക്ക് അവസരം ലഭിച്ചോ എന്നതില്‍ പല ആക്ഷേപങ്ങളും പഞ്ചായത്ത് തലത്തിലും മറ്റും ഉയരുന്നുണ്ട് എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അതില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ല.

വടകരയില്‍ ബ്ലോക്ക് കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതന്‍ ഉണ്ടെന്നാണ്, ഞാന്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ക്ക് ഡിസിസി തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. ആര്‍എംപി സ്ഥാനാർഥിയാണ് അവിടെ എന്നാണ് അറിഞ്ഞത്. പിന്നീട് കണ്‍വെന്‍ഷന്‍ ഒക്കെ കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത് അറിഞ്ഞത്, ഇത് ശരിക്കും ഒഴിവാക്കേണ്ടതാണ്.

കെപിസിസി പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന് സ്ഥാനാര്‍ത്ഥി പറയുമ്പോള്‍ സ്ഥലം എംപി എന്ന നിലയില്‍ ഇത് എന്നെയും അറിയിക്കണമായിരുന്നു. സ്ഥാനാര്‍ത്ഥി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ന്നു മാത്രമേ ഇനി പ്രചാരണ രംഗത്ത് ഇറങ്ങുകയുള്ളൂ. ഒരു സീറ്റില്‍ മാത്രമല്ല മണ്ഡലത്തില്‍ പൊതുവേ എന്ന നിലയിലാണ് തീരുമാനം. ഇത്തരം ഒരു ആശയക്കുഴപ്പം വരാന്‍ പാടില്ലായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ആര്‍ക്ക് വേണ്ടി വോട്ട് ചോദിക്കും - മുരളീധരന്‍ എംപി പറയുന്നു.



Previous Post Next Post