രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

സിഡ്നി: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക് സ്വന്തം. പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയെ തകര്ത്താണ് ഓസീസ് പരമ്പര (2-0) ജയം സ്വന്തമാക്കിയത്. രണ്ടാം ഏകദിനത്തിൽ 51 റണ്സിനാണ് ഓസീസ് ഇന്ത്യയെ തകര്ത്തത്. 

ഓസ്ട്രേലിയ ഉയര്ത്തിയ 390 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 338 റണ്സെടുക്കാനേ സാധിച്ചുള്ളൂ. അര്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്ൻ വിരാട് കോലിയും കെ.എല് രാഹുലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണിങ് വിക്കറ്റിൽ 58 റണ്സ് ചേര്ത്ത ശേഷമാണ് മായങ്ക് അഗര്വാള് - ശിഖര് ധവാന് കൂട്ടുകെട്ട് പിരിഞ്ഞത്. 23 പന്തില് നിന്ന് അഞ്ചു ഫോറുകളടക്കം 30 റണ്സെടുത്ത ധവാനെ പുറത്താക്കി ഹെയ്സല്വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ മായങ്ക് അഗര്വാളിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 26 പന്തില് നിന്ന് നാലു ഫോറുകളടക്കം 28 റണ്സെടുത്താണ് മായങ്ക് പുറത്തായത്. പിന്നാലെ ക്രീസില് ഒന്നിച്ച ക്യാപ്റ്റന് വിരാട് കോലിയും ശ്രേയസ് അയ്യരും നാലാം വിക്കറ്റില് 93 റണ്സ് കൂട്ടിച്ചേര്ത്തു. 36 പന്തില് നിന്ന് അഞ്ചു ഫോറുകളടക്കം 38 റണ്സെടുത്ത അയ്യരെ സ്റ്റീവ് സ്മിത്ത് തകര്പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റില് കെ.എല് രാഹുലിനെ കൂട്ടുപിടിച്ച് കോലി 72 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 87 പന്തില് നിന്ന് രണ്ടു സിക്സും ഏഴു ഫോറുമായി സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോലിയെ ഹെന്റിക്വസ് ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില് രാഹുല് - ഹാര്ദിക് പാണ്ഡ്യ സഖ്യം 63 റണ്‌സ് ചേര്ത്തു. 66 പന്തില് നിന്ന് അഞ്ചു സിക്സും നാലു ഫോറുമടക്കം 76 റണ്സെടുത്ത രാഹുല് 44-ാം ഓവറിലാണ് പുറത്തായത്. ഹാര്ദിക് പാണ്ഡ്യ (28), രവീന്ദ്ര ജഡേജ (24), മുഹമ്മദ് ഷമി (1), ബുംറ (0) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന് താരങ്ങള്. ഓസീസിനായി പാറ്റ് കമ്മിന്സ് മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്വുഡ്, ആദം സാംപ എന്നിവര് രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില് നാലു വിക്കറ്റ് നഷ്ടത്തില് 389 റണ്സ് അടിച്ചുകൂട്ടിയിരുന്നു. തുടര്ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സ്റ്റീസ് സ്മിത്ത്, അര്ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്ണര്, ആരോണ് ഫിഞ്ച്, മാര്നസ് ലബുഷെയന്, ഗ്ലെന് മാക്സ്വെല് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്. 62 പന്തില് നിന്ന് സെഞ്ചുറി തികച്ച സ്മിത്ത് 64 പന്തില് നിന്ന് 104 റണ്സെടുത്ത് പുറത്തായി. രണ്ടു സിക്സും 14 ഫോറുമടക്കമാണ് സ്മിത്ത് 104 റണ്സെടുത്തത്. മൂന്നാം വിക്കറ്റില് മാര്‌നസ് ലബുഷെയ്നൊപ്പം 136 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സ്മിത്ത് മടങ്ങിയത്. 61 പന്തുകള് നേരിട്ട ലബുഷെയ്ന് അഞ്ചു ഫോറുകടക്കം 70 റണ്സെടുത്ത് പുറത്തായി. തുടര്ച്ചയായ രണ്ടാം മത്സരത്തിലും തകര്ത്തടിച്ച ഗ്ലെന് മാക്സ്വെല് വെറും 29 പന്തില് നിന്ന് നാലു വീതം സിക്സും ഫോറുമടക്കം 63 റണ്സോടെ പുറത്താകാതെ നിന്നു. നാലാം വിക്കറ്റില് ലബുഷെയ്ന് - മാക്സ്വെല് സഖ്യം 80 റണ്സ് ചേര്ത്തു. നേരത്തെ പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്മാരായ ഡേവിഡ് വാര്ണറും ക്യാപ്റ്റന് ആരോണ് ഫിഞ്ചും നിലയുറപ്പിച്ചതോടെ ഓസീസ് സ്കോറിലേക്ക് അതിവേഗം റണ്‌സെത്തി. ഓപ്പണിങ് വിക്കറ്റില് 142 റണ്സാണ് ഇരുവരും കൂട്ടിച്ചേര്ത്തത്. തുടര്ച്ചയായ രണ്ടാം മത്സരത്തിലും ഈ സഖ്യം 100 കടന്നു. 69 പന്തില് നിന്ന് ഒരു സിക്സും ആറു ഫോറുമടക്കം 60 റണ്സെടുത്ത ഫിഞ്ചിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഡേവിഡ് വാര്ണറെ ശ്രേയസ് അയ്യര് റണ്ണൗട്ടാക്കി. 77 പന്തില് നിന്ന് മൂന്നു സിക്സും ഏഴു ഫോറുമടക്കം 83 റണ്സായിരുന്നു വാര്ണറുടെ സമ്പാദ്യം. ഏഴു ബൗളര്മാരാണ് ഇന്ത്യയ്ക്കായി ഇന്ന് പന്തെറിഞ്ഞത്. ഹാര്ദിക് പാണ്ഡ്യയും ഇന്ന് ഇന്ത്യയ്ക്കായി പന്തെറിഞ്ഞു. പന്തെടുത്തവരെല്ലാം ഓസീസ് ബാറ്റിങ്ങിന്റെ ചൂട് നന്നായി അറിഞ്ഞു. ഷമി ഒമ്പത് ഓവറില് 73 റണ്സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. 10 ഓവര് എറിഞ്ഞ ബുംറ 79 റണ്സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. ഏഴ് ഓവര് എറിഞ്ഞ നവ്ദീപ് സെയ്നി വഴങ്ങിയത് 70 റണ്‌സാണ്. ഒമ്പത് ഓവര് എറിഞ്ഞ ചാഹല് 71 റണ്സും വിട്ടുകൊടുത്തു.
Previous Post Next Post