വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മാജിക് പ്ലാനറ്റ് സൗജന്യമായി സന്ദർശിക്കാൻ അവസരം





തിരുവനന്തപുരം:പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് മാജിക് പ്ലാനറ്റ് സൗജന്യമായി സന്ദർശിക്കാൻ അവസരം. മാജിക് പ്ലാനറ്റിൽ നടന്ന ബാലസൗഹൃദ വാരാഘോഷ സമാപന പരിപാടിയിലാണ് മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പ്രഖ്യാപനം നടത്തിയത്. 

സ്‌കൂൾ ഐ.ഡി കാർഡുമായി വരുന്ന വിദ്യാർത്ഥികൾക്ക് ഡിസംബർ 15 വരെയാണ് പ്രവേശനം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ മാനസിക സമ്മർദ്ദമനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷൻ ക്ലാസും സൗജന്യമായി ലഭിക്കും.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ രാത്രി ഒൻപത് വരെയാണ്പ്രവേശനം. പ്രവേശനത്തിനായി വിദ്യാർത്ഥികൾ 9446540395, 9447014800 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം.ബാലസൗഹൃദ വാരാഘോഷത്തിന്റെ സമാപന സമ്മേളനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ഉദ്ഘാടനം ചെയ്തു. ബാലാവകാശ കമ്മിഷൻ ചെയർമാൻ മനോജ് കുമാർ.കെ.വി അദ്ധ്യക്ഷത വഹിച്ചു.കവി മുരുകൻ കാട്ടാക്കട ശിശുദിന സന്ദേശവും കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് ഉപഹാര സമർപ്പണവും നടത്തി.കമ്മിഷൻ അംഗങ്ങളായ ഫാ.ഫിലിപ്പ് പരക്കാട്ട് പി.വി,സെക്രട്ടറി അനിതാ ദാമോദരൻ, സി.വിജയകുമാർ,റെനി ആന്റണി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മാന്ത്രികൻ മുഹമ്മദ് ഷാനുവിന്റെ ബാലസൗഹൃദ പ്രത്യേക ഇന്ദ്രജാലം, ഹരിചന്ദന അവതരിപ്പിച്ച ബാലസൗഹൃദ ഓട്ടൻതുള്ളൽ,ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കവിതാലാപനം,വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.
Previous Post Next Post