വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടിയില്ലെന്ന് പരാതി



പത്തനംതിട്ട: കുന്നന്താനത്ത് വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പ്രതിക്കെതിരെ പൊലീസിൽ പരാതി കൊടുത്തിട്ടും നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡോ. ആതിര മാധവിനെ ജോലി സ്ഥലത്തെത്തി മുൻ ഭർത്താവ് ദർശൻ ലാൽ ആക്രമിച്ചത്.

ആതിര മാധവ് ജോലി ചെയ്യുന്ന കുന്നന്താനത്തെ ക്ലിനിക്കെലെത്തി ദർശൻ ലാൽ ആക്രമിക്കുന്ന ദൃശ്യങ്ങളോടുകൂടിയാണ് പരാതി നൽകിയത്. ഡോക്ടറെ ശാരീരികമായി മർദ്ദിക്കുകയും ക്ലിനിക്കിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം ആതിര മാധവ് കീഴ്വായ്പ്പൂർ പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.

 ആതിരയും ദർശൻ ലാലും നിയമപരമായി വിവാഹമോചിതരാണ്. ഭർത്താവിന്റെ നിരന്തര ആക്രമണം സഹിക്കാതെ വന്നതോടെയാണ് ബന്ധം വേർപ്പെടുത്തിയതെന്നും ആതിര പറയുന്നു. എന്നാൽ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും തുടർ നടപടി സ്വീകരിക്കുമെന്നും അന്വേഷണം നടക്കുന്നുവെന്നുമാണ് കീഴ്വായ്പ്പൂർ പൊലീസിന്റെ വിശദീകരണം.



Previous Post Next Post