ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി ജെ ജോസഫ് നാളെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. കോടതി വിധി എതിരായതോടെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരുടെ ഗണത്തിലേക്ക് മാറുമോയെന്നതാണ് ജോസഫ് പക്ഷത്തിന്റെ ആശങ്ക.
കോടതി ഉത്തരവിന് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചെണ്ട ചിഹ്നം ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ചെണ്ട ചിഹ്നം അനുവദിച്ച ഉത്തരവില്‍ തല്‍സ്ഥിതി തുടരണമെന്ന് കാട്ടി നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പി ജെ ജോസഫ് കത്ത് നല്‍കും. കേരള കോണ്‍ഗ്രസ് എന്ന പേര് ഉപയോഗിക്കുന്നതില്‍ കമ്മീഷന്റെ മുന്‍ ഉത്തരവ് പ്രകാരം തടസമില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം.
ചിഹ്നവും പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്കനുവദിച്ച ഉത്തരവില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യവും ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിക്കും. അപ്പീല്‍ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിക്കുമെന്നാണ് ജോസഫ് പക്ഷത്തിന്റെ പ്രതീക്ഷ.