ക്ഷേമ പെന്‍ഷനുകള്‍ 1500 രൂപയാക്കി, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുംസര്‍ക്കാറിന്റെ രണ്ടാം ഘട്ട നൂറുദിന. കര്‍മപരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം ഘട്ട നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാംഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കും, 2021 ജനുവരി 1 മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും, 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും, 847 കുടുംബ ശ്രീ ഭക്ഷണശാലകള്‍ക്ക് പുറമെ 153 എണ്ണം പുതിയത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാംഘട്ട നൂറ് ദിന കര്‍മ്മ പരിപാടി ഒന്നാംഘട്ട നൂറ് ദിന കര്‍മ്മപരിപാടികളുടെ തുടര്‍ച്ചയാണ്. സംസ്ഥാനം നടപ്പാക്കിയ കാര്‍ഷിക പരിപാടികള്‍ ശ്രദ്ധേയമാണ്, മഹാമാരിയുടെ കാലത്ത് കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടന്നിരുന്നില്ല, ഒന്നാംഘട്ട കര്‍മ്മ പദ്ധതിയിലെ 122 പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്, കാര്‍ഷിക ഉത്പനങ്ങള്‍ക്ക് തറവില പ്രഖ്യാപിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്കിറ്റ് വിതരണത്തിനടക്കം വലിയ പിന്തുണയാണ് ലഭിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.
Previous Post Next Post