ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉന്നതാധികാര സമിതി






പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചൊവ്വാഴ്ച ചേര്‍ന്ന ശബരിമല ഉന്നതാധികാര സമിതി യോഗത്തിന് ശേഷം  എഡിഎം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ എ.എസ്.രാജു എന്നിവര്‍ പറഞ്ഞു. 

ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കി.
നിലവിലെ വെര്‍ച്ച്വല്‍ ക്യൂ സംവീധാനം വഴി മാത്രമാവും ഭക്തര്‍ക്ക് പ്രവേശനാനുമതി നല്‍കുക. ബുധനാഴ്ച്ച മുതല്‍ 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ വകുപ്പ് ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിക്ക് തന്നെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. നിലക്കല്‍ മുതല്‍ നിശ്ചിത എണ്ണം ഭക്തരെ മാത്രമേ പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും കടത്തി വിടുകയുള്ളൂ. ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കുന്ന സമയത്ത് മാത്രമാണ് ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം. മണ്ഡല പൂജക്കും 5000 പേര്‍ക്ക് മാത്രമേ ദര്‍ശനാനുമതിയുണ്ടാവൂ.
ആയ്യായിരം പേര്‍ക്കുള്ള ശുചിമുറി സംവീധാനം, വെള്ളം, കോവിഡ് മാനദണ്ഡ പ്രകാരം ക്യൂ നില്‍ക്കുന്നതിനുള്ള സൗകര്യം, ഇവരെ നിയന്ത്രിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കല്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സന്നിധാനത്ത് വിരി വക്കുന്നതിനും തങ്ങുന്നതിനുമുള്ള അനുമതിയില്ല. ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഭക്തര്‍ അതാത് ദിവസം തന്നെ മടങ്ങിപ്പോകുന്നത് ഉറപ്പ് വരുത്തും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി നട തുറന്നിരിക്കുന്ന 14 മണിക്കൂറില്‍ 10 മണിക്കൂറാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളത്. ഒരു മണിക്കൂറില്‍ അഞ്ഞൂറ് പേര്‍ക്ക് ദര്‍ശനമെന്ന നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ സന്നിധാനത്തുള്ള പോലീസിനെ ഉപയോഗിച്ച് തന്നെയാവും 5000 പേരെത്തുമ്പോഴും സന്നിധാനത്തെ നിയന്ത്രണങ്ങള്‍. അടിയന്തിര സാഹചര്യം വേണ്ടിവന്നാല്‍ പത്തനംതിട്ട, മണിയാര്‍ എന്നിവിടങ്ങളില്‍ നിന്നും സേനാംഗങ്ങളെ സന്നിധാനത്ത് എത്തിക്കുന്നതിനും സംവീധാനമുണ്ട്.


أحدث أقدم