ദില്ലി: രാജ്യത്ത് മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ശാസ്ത്രജ്ഞർക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും വാക്സിൻ വിതരണം നടത്തുമ്പോൾ കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർ, മുതിർന്ന പൗരന്മാർ, ആരോഗ്യപ്രശ്നമുള്ളവർ എന്നിവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം സർവ്വകക്ഷിയോഗത്തിൽ വ്യക്തമാക്കി.
സുരക്ഷിതമായ വില കുറഞ്ഞ വാക്സിൻ വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും. വാക്സിൻ സംഭരണത്തിന് കോൾഡ് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധർ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണെന്നും ലോകം മുഴുവൻ വാക്സിനുമായി ബന്ധ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 എംപിമാരിൽ കൂടുതലുള്ള പാർട്ടികൾക്കു മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുമതിയുള്ളൂ.