കൊല്ലം: കൊല്ലം മൺറോതുരുത്തിൽ മധ്യവയസ്കൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ഇന്ന് അഞ്ചു പഞ്ചായത്തുകളിൽ ഹർത്താൽ. കുണ്ടറ, പേരയം, കിഴക്കേ കല്ലട, മൺറോ തുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെയാണ് ഹർത്താൽ.
സിപിഎം പ്രവർത്തകനായ ഹോംസ്റ്റേ ഉടമ മണിലാൽ (ലാൽ 53) ആണ് മരിച്ചത്. നാട്ടുകാരൻ തന്നെയായ അശോകൻ വാക്കുതർക്കത്തിനൊടുവിൽ മണിലാലിനെ കുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മൺറോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് കൊലപാതകം നടന്നത്.
സംഭവത്തിൽ ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ശബ്ദപ്രചാരണം അവസാനിച്ചശേഷം നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയചർച്ച നടത്തുന്നതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി.
ഇതുകേട്ടെത്തിയ മണിലാൽ അശോകനോട് കയർത്തു. വീണ്ടും അസഭ്യവർഷം തുടർന്നപ്പോൾ അശോകനെ മണിലാൽ അടിച്ചു. അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നിൽ നിന്നെത്തി അശോകൻ കുത്തുകയായിരുന്നു.
മണിലാലിനെ കൊന്നത് ആർഎസ്എസ് ഗൂഡാലോചനയ്ക്കൊടുവിലാണെന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു.