തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പരാതിക്കാരിയായ വസന്തയെ വീട്ടില്‍ നിന്നും പൊലീസ് മാറ്റി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി.
അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ദമ്പദികള്‍ക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ കസ്റ്റഡിയില്‍ എടുക്കാന്‍ നടപടിയുണ്ടാകുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കടകംപള്ളി അറിയിച്ചു. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മരിച്ച രാജനും കുടുംബവും ഷെഡ് കെട്ടി താമസിച്ചിരുന്ന ഭൂമി തന്റേതാണെന്നും വിട്ടുനല്‍കില്ലെന്നും അയല്‍വാസിയായ വസന്ത പറഞ്ഞു.
ഭൂമി വിട്ടുനല്‍കില്ല. തന്റേതാണെന്ന് തെളിയിക്കും.സ്ഥലം വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കും. ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും വസന്ത പറഞ്ഞു.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്