ശബരിമല ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് തുടങ്ങും


ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കുമാണ് അനുമതി.
കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. www.sabarimalaonline.org എന്ന വെബ്‌സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് ചെയ്യാം.


അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. മണ്ഡല- മകരവിളക്ക് ശേഷിക്കുന്ന ദിവസങ്ങളില്‍ രണ്ടായിരം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും.
കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് ദര്‍ശനത്തിന് എത്താം. ശനി, ഞായര്‍ ദിവസങ്ങളിലും കൂടൂതല്‍ പേര്‍ക്ക് ശബരിമലയിലെത്താം. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കാണ് സന്നിധാനത്ത് ദര്‍ശനത്തിന് അനുമതി. ഇത് നാലായിരമാക്കിയാണ് ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.
ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താനും വനം വകുപ്പ് അനുമതി നല്‍കി. മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയരയ സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്താണ് അനുമതി.
Previous Post Next Post