കുതിരാന്‍ അപകടംമൂന്നു പേരുടെ ജീവനെടുത്ത അപകടത്തിന്റെ കാരണംലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതല്ലെന്ന്മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍



തൃശൂര്‍: കുതിരാന്‍ ദേശീയ പാതയില്‍ മൂന്നു പേരുടെ ജീവനെടുത്ത അപകടത്തിന്റെ കാരണം ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് സൂചന. ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് ലോറി ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ലോറിയുടെ ബ്രേക്കിന് തകരാറില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ കെ ശശികുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കും. അപകടത്തില്‍ രണ്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കുതിരാന്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി ആറു വാഹനങ്ങളില്‍ തട്ടി മൂന്നു പേരാണ് മരിച്ചത്. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കുതിരാന്‍ ഇറക്കമിറങ്ങവെ ടാങ്കറിലിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി ആദ്യം സ്‌കൂട്ടറിന് മീതെ പാഞ്ഞുകയറി വലിച്ചുകൊണ്ടുപോയി. മുന്നില്‍ പോയിരുന്ന ടെമ്പോ ട്രാവലറിലും രണ്ട് പിക്കപ്പ് വാനുകളിലുമിടിച്ചു. രണ്ട് കാറിലും ബൈക്കിലും ഇടിച്ച് കണ്ടെയ്‌നര്‍ ലോറിയിലിടിച്ചാണ് നിന്നത്. സ്‌കൂട്ടറും കാറും ലോറിക്കടിയില്‍ കുടുങ്ങി. ജെ സി ബി കൊണ്ടുവന്ന് ലോറി പൊക്കിയാണ് അടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്.
Previous Post Next Post