കൊച്ചി: പുതുവത്സര രാവിലെ ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലഹരി പാര്‍ട്ടി നടന്നെന്ന സംശയത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ആഢംബര നൗകയായ നെഫ്രിടിറ്റിയില്‍ പൊലീസ് സംരക്ഷണം ഉറപ്പു വരുത്തി. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും നെഫ്രിടിറ്റിയില്‍ ആരംഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കൊച്ചി നഗരത്തില്‍ കഴിഞ്ഞ ഏതാനം നാളുകളായി ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് എതിര്‍പ്പുണ്ടാകില്ല. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പാലിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ഡിജെ പാര്‍ട്ടികള്‍ നടത്തേണ്ടത്. ഹോട്ടലുകളിലും ഡിജെ പാര്‍ട്ടികള്‍ നടക്കുന്നയിടങ്ങളിലും പരിശോധനയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.