കുട്ടികൾക്ക് ആശ്വാസമായി സ്കൂൾ ബാഗ് പോളിസി 2020. ബാഗിന്റെ ഭാരവും ഹോം വർക്ക് സമയവുമെല്ലാം നിജപ്പെടുത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ബാഗ് പോളിസിയുടെ നിർദ്ദേശങ്ങൾ. കുട്ടികൾ അമിതഭാരമുള്ള ബാഗുകളുമായി സ്കൂളിൽ പോകുന്നത് ശാരീരികമായി ബാധിക്കുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് പുതിയ നിർദ്ദേശം.
പോളിസി അനുസരിച്ച് ഒരു വിദ്യാർത്ഥിയുടെ ഭാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ ബാഗിന് ഭാരമുണ്ടാകാൻ പാടില്ല. ഇരു തോളുകളിലും കൃത്യമായി തൂക്കിയിടാൻ കഴിയുന്ന തരത്തിൽ ഭാരം കുറഞ്ഞ ബാഗുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ചക്രങ്ങൾ ഘടിപ്പിച്ച ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. ബാഗിന്റെ ഭാരം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നും പോളിസി നിർദ്ദേശിക്കുന്നു.