തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമായി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ട്രെന്‍ഡ് വെബ്‌സൈറ്റിലൂടെയാണ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡ് തലം വരെയുള്ള വിവരങ്ങള്‍ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭിക്കുക.
രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്‍റെ വിവരങ്ങള്‍ തത്സമയം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതിന് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് ഡാറ്റാ അപ് ലോഡിംഗ് കേന്ദ്രത്തിന്‍റെ ചുതമല വഹിക്കുക. കെല്‍ട്രോണ്‍, ബി.എസ്.എന്‍.എല്‍, കെസ്വാന്‍ എന്നിവിടങ്ങളിലെ വിദഗ്ധരാണ് സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ trend.kerala.gov.in എന്ന ലിങ്ക് സന്ദര്‍ശിക്കണം.