'
കണ്ണൂരിൽ കടപ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. തോട്ടട ബീച്ച് ഭാഗത്ത് അഴിമുഖത്ത് കാണാതായ കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആദികടലായി വട്ടക്കുളം സ്വദേശികളായ മുഹമ്മദ് ഷർഫാസ്(15) മുഹമ്മദ് റിനാദ് (15) എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ആറ് കുട്ടികളാണ് അഴിമുഖത്തെ മുറിച്ചുമാറ്റിയ ബണ്ടിനടുത്ത് കളിച്ചുകൊണ്ടിരുന്നത്. ബണ്ട് മുറിച്ചു മാറ്റിയതിനാൽ ശക്തമായ ഒഴുക്കായിരുന്നു. കളിക്കുന്നതിനിടെ അഴിമുഖത്ത് വീണ രണ്ടുപേരും അതിവേഗത്തിൽ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. മറ്റ് കുട്ടികൾ ശബ്ദമുണ്ടാക്കിയതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. ഉടൻ പോലീസും അഗ്നിരക്ഷാസേനയും തീരദേശ പോലീസും സ്ഥലത്തെത്തി. കോസ്റ്റ്ഗാർഡ് കൂടി എത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്.