തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ആദ്യമായി വോട്ട് ചെയ്യാനിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് വോട്ട് ചെയ്യാനായില്ല. ഇന്നലെയായിരുന്നു വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിയുന്നത്. കലക്ടറെ പരാതി അറിയിച്ചു. പക്ഷേ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു കലക്ടറുടെ മറുപടി.
ലോക്സഭ, നിയമസഭ വോട്ടർപട്ടികയിൽ ടിക്കാറാം മീണയുടെ പേരുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനാകുമെന്നാണ് കരുതിയത്. പക്ഷേ പട്ടികയിൽ ഉൾപ്പെട്ടില്ല. പ്രത്യേകം പട്ടിക തയ്യാറാക്കിയതാണ് താൻ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം. ആരുടെയും കുറ്റമായി പറയുന്നില്ല. പക്ഷേ പ്രത്യേകം പട്ടിക തയ്യാറാക്കാതെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പട്ടികയും ഉപയോഗിക്കാമായിരുന്നെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി ഐഎഎസ് ഓഫീസർമാർക്കും ഇത്തവണ വോട്ട് ചെയ്യാനായിട്ടില്ല.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിഐപിമാരുടെ കാര്യമെങ്കിലും പ്രത്യേകം ശ്രദ്ധിക്കണമായിരുന്നു. ജഗതി ഡിവിഷനിൽ വോട്ട് ചെയ്യാനാകുമെന്നായിരുന്നു കരുതിയിരുന്നത്. നിയമസഭയിൽ നേമം മണ്ഡലത്തിലാണ് വോട്ട്. അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു