ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹോദരനുള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അജ്മീറിലെ സനാന ആശുപത്രിയില്‍ വച്ചാണ് 14കാരിയായ പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിഞ്ഞ ആശുപത്രി അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തി. ഇവരുടെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ് മറ്റ് മൂന്ന് പേരും. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും ഈ വിവരം അറിയാമായിരുന്നുവെങ്കിലും അവര്‍ ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കുമെന്നും പോലീസ് വ്യക്തമാക്കി.