അവധി ദിവസങ്ങൾ മുന്നിൽക്കണ്ട് വില്പ്പന നടത്താനായി അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം ശേഖരം പോലീസ് പിടികൂടി. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.


കുമളി : അമരാവതി കുന്നേൽ ഓമനക്കുട്ടൻ (45) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ബിവറേജിന് സമീപത്തായി ഇയാൾ നടത്തുന്ന കട കേന്ദ്രീകരിച്ചാണ് മദ്യവില്പ്പന നടത്തിയിരുന്നത്. ഡ്രൈഡേയിൽ വിലകൂട്ടി വിൽക്കുന്നതിനായി വീട്ടിലും കടയിലുമായി സൂക്ഷിച്ച അര ലിറ്ററിന്റെ 193 കുപ്പി വിദേശമദ്യമാണ് പരിശോധന സംഘം കണ്ടെടുത്തത്.


ബിവറേജിന് സമീപം കട നടത്തിയിരുന്നതിനാൽ ഇയാൾ എല്ലാ ദിവസങ്ങളിലും ബിവറേജ് തുറക്കുന്നതിന് മുമ്പും അടച്ചശേഷവും കൂടുതൽ വിലയ്ക്ക് മദ്യം വിറ്റിരുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.


ഇടുക്കി എസ്.പി. കറുപ്പസാമിയുടെ നിർദേശത്തെ തുടർന്ന് ഡിസ്ട്രിക് ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാന്സാഫ്) നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഡി.വൈ.എസ്.പി. എ.ജി. ലാൽ, ഡാൻസാഫ് ഉദ്യോഗസ്ഥരായ ജോഷി, മഹേഷ്, അനൂപ്, ടോം സ്കറിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post