തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ഉത്സവവുമായി ബന്ധപ്പെട്ട് സ്റ്റേജ് കലാപരിപാടികൾ നടത്താൻ അനുമതി. സ്റ്റേജ് കലാപരിപാടികൾ അതാത് പ്രദേശങ്ങളിലെ പോലീസ് അധികൃതരുടെ അനുമതിയോടെ നടത്താം.
ആചാരപരമായി നടത്തുന്ന ക്ഷേത്രകലകൾക്കും വിലക്കുണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ദേവസ്വം ബോർഡ് നിർദ്ദേശിച്ചു.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ഉത്സവം ചടങ്ങ് മാത്രമായി നടത്താൻ ദേവസ്വം ബോർഡ് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. സ്റ്റേജ് കലാപരിപാടികളും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വിവിധ കലാകാര സംഘടനകൾ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് തീരുമാനം പിൻവലിച്ചത്.