ന്യൂഡൽഹി: കർഷക നിയമങ്ങളെ കുറിച്ചു വീണ്ടും ചർച്ച നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം കർഷക സംഘടനകൾ തള്ളി. ഉപാധികൾ വച്ചുള്ള ചർച്ചയ്ക്കില്ലെന്ന് അറിയിച്ച സമര സമിതി നേതാക്കൾ, നിയമം പിൻവലിക്കാമെന്ന ഉറപ്പ് നൽകാമെങ്കിൽ ചർച്ചയ്ക്കെത്താമെന്നു സർക്കാരിനു മറുപടി നൽകി.
അതേസമയം, ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ആശയവിനിമയം നടത്തുമെന്ന് സർക്കാർ അറിയിച്ചു. പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ ഒൻപത് കോടി കർഷകർക്ക് വിതരണം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടത്തും. 18,000 കോടി രൂപയാവും പിഎം കിസാൻ സമ്മാൻ പദ്ധതിയായി കൈമാറുക.
ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുന്ന പ്രധാനമന്ത്രി, കർഷക നിയമത്തിന്റെ ഗുണങ്ങളെ കുറിച്ചാവും വിശദമാക്കുക. കേന്ദ്ര സർക്കാർ കർഷകർക്കു വേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ചും ചർച്ചയാകും.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.