ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായ വി. കെ ശശികലയ്ക്ക് ഉടൻ ജയിൽ മോചനമില്ല.
ശിക്ഷയിൽ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം ജയിൽ അധികൃതർ തള്ളി. ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഇനി ഇവർക്ക് പുറത്തിറങ്ങാൻ കഴിയൂ. ഇളവ് നൽകി ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം. അഴിമതി കേസിൽ അറസ്റ്റിലായവർക്ക് ശിക്ഷയിളവ് നൽകേണ്ടതില്ലെന്ന നിയമോപദേശം നേരത്തെ ജയിൽ അധികൃതർക്ക് ലഭിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും.സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.