ന്യൂദൽഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണ മെയ് ആദ്യവാരം നടക്കും. കേരളം, തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. അതിനു മുമ്പായി അടുത്ത സർക്കാർ അധികാരമേൽക്കണം. എന്നാൽ കേരളത്തിൽ ജൂൺ ഒന്നു വരെ സമയമുണ്ട്. എന്നിരുന്നാലും അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒരുമിച്ചാകും പ്രഖ്യാപിക്കുക. കേരളത്തിൽ രണ്ടിലേറെ ഘട്ടമായിട്ടാകും ചിലപ്പോൾ തെരഞ്ഞെടുപ്പ് നടത്തുക.
ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ കൂടുതൽ സീറ്റ് ഉള്ളതിനാൽ കൂടുതൽ ഘട്ടം വേണ്ടിവരും. അതു കൊണ്ടു തന്നെ ഏപ്രിൽ മൂന്നാം ആഴ്ച തന്നെ തെരഞ്ഞെടുപ്പ് തുടങ്ങാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്കും, ഇലക്ടറൽ ഓഫീസർമാർക്കും കത്തയച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമടക്കമുള്ള വിഷയങ്ങളിൽ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മീഷൻ നൽകിയിട്ടുണ്ട്.