തിരുവനന്തപുരം : കണ്ണൂരില്‍ കൗണ്‍സിലിംഗിനായി എത്തിയ പതിനേഴ്കാരിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഇ ഡി ജോസഫിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സിഡബ്ല്യുസി മെമ്പർ എന്നീ ചുമതലകളില്‍ നിന്നും ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് ഇറക്കി.
ഇരയായ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ പരിഗണിക്കുകയും പ്രശ്നപരിഹാരം നിര്‍ദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബര്‍ 21-ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു.
ഈ സമിതിയ്ക്ക് മുമ്ബാകെ ഹാജരായപ്പോള്‍ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്ട്രേറ്റിനോട് പെണ്‍കുട്ടി രഹസ്യമൊഴിയില്‍ പറഞ്ഞത്..
കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു
താന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇ ഡി ജോസഫിന്റെ വിശദീകരണം.