തിരുവനന്തപുരം: 88-ാമത് ശിവഗിരി തീർഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇക്കുറി തീർഥാടനം. വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തിൽ താഴെ തീർഥാടകർക്കു മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ.ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ വിർച്വൽ തീർഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീർഥാടനം നടത്തുകയെന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ മഠം അധികൃതർ അറിയിച്ചു. മുൻകാലങ്ങളിൽ നടന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബർ 25 മുതൽ ശിവഗിരി ടിവിയിലൂടെ ഓൺലൈനായി സംപ്രേഷണം ചെയ്യും. ശിവഗിരിയിലും പരിസരത്തും തീർഥാടകർ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല. അന്നദാനവും തീർഥാടകർക്കു ശിവഗിരിയിൽ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല.
ശിവഗിരിയിലേക്കു വരുന്ന തീർഥാടകർ മുൻകാലങ്ങളിലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് വി.ആർ. വിനോദ് പറഞ്ഞു. ആയിരം പേരിൽ താഴെ ആളുകളെ മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കില്ല. പൊതു പരിപാടികൾ നടത്തുകയാണെങ്കിൽ ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനത്തിൽ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ. ഇക്കാര്യങ്ങൾ സംബന്ധിച്ച് മഠം അധികൃതർ തീർഥാടകർക്കു പ്രത്യേക അറിയിപ്പു നൽകണം.
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പതിവ് സ്പെഷ്യൽ ബസ്, ട്രെയിൻ സർവീസുകൾ എന്നിവ ഇത്തവണ ഉണ്ടാകില്ല. തീർഥാടകരായെത്തുന്ന മുഴുവൻ ആളുകൾക്കും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം. ഇതിനായി സാനിറ്റൈസർ, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെർമൽ സ്‌കാനറുകൾ തുടങ്ങിയവ ഒരുക്കണം. കൈകൾ വൃത്തിയാക്കുന്നതിന് മഠത്തിന്റെയും ശിവഗിരിയുടെ മറ്റു ഭാഗങ്ങളിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. വർക്കല താലൂക്ക് ആശുപത്രിയിൽ തീർഥാടകർക്ക് ആവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.
തീർഥാടനത്തിനു മുന്നോടിയായി കുളിക്കടവുകൾ അടക്കമുള്ള സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. വർക്കല മുനിസിപ്പാലിറ്റിയും ജലവിഭവ വകുപ്പും ഇതിനു പ്രത്യേക തയാറെടുപ്പുകൾ നടത്തണം. തീർഥാടകരുടെ ആവശ്യത്തിനായി താത്കാലിക ശുചിമുറികൾ സജ്ജമാക്കുന്നതിനും വർക്കല മുനിസിപ്പാലിറ്റി അധികൃതർക്കു നിർദേശം നൽകി. തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനും തടസമില്ലാത്ത രീതിയിൽ വൈദ്യുതി ലഭ്യമാക്കുന്നതിനും കെ.എസ്.ഇ.ബിക്കും നിർദേശം നൽകി.
കളക്ടറേറ്റിൽ എ.ഡി.എമ്മിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ.എം. സഫീർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, വർക്കല മുനിസിപ്പൽ സെക്രട്ടറി എൽ.എസ്. ഷാജി, ഡെപ്യൂട്ടി തഹസിൽദാർമാരായ വിനോദ് രാജ്, ഡി. ശ്യാം, ജില്ലാ മെഡിക്കൽ ഓഫിസ് ടെക്നിക്കൽ അസിസ്റ്റന്റ് ടി.വി. അഭയൻ എന്നിവർ പങ്കെടുത്തു.