കോട്ടയം :ശക്തമായ മത്സരം നടക്കുന്ന പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് ഇക്കുറി അഭിമാന പോരാട്ടം. ഇടത് മുന്നണിയില്‍ എത്തിയ ശേഷം സ്വന്തം തട്ടകത്തില്‍ കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണ് ജോസ് കെ മാണി. എന്നാല്‍ അട്ടിമറി നീക്കത്തിന് കളമൊരുക്കുകയാണ് ജോസഫ് വിഭാഗം.
കേരള കോണ്‍ഗ്രസ് എം എന്ന മേല്‍വിലാസവും രണ്ടില ചിഹ്നവും ലഭിച്ചതിനെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി. കെ എം മാണിയെ മുന്‍നിര്‍ത്തി തന്നെയാണ് പ്രചാരണം. ഒപ്പം മുന്നണി മാറ്റത്തെ ന്യായീകരിക്കാന്‍ യുഡിഎഫ് വഞ്ചിച്ചെന്ന വികാരമുണര്‍ത്താനും നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു.
ജോസ് പക്ഷം വിട്ട് എത്തിയ കേരള കോണ്‍ഗ്രസ് നേതാക്കളെ മുന്‍നിര്‍ത്തിയാണ് ജോസഫ് വിഭാഗവും യുഡിഎഫും രംഗത്തുള്ളത്. മുന്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ആണ് പാലായില്‍ യുഡിഎഫിനെ നയിക്കുന്നത്.
കഴിഞ്ഞ തവണ 20 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് 17 എണ്ണത്തിലും വിജയിച്ചിരുന്നു. ഇത്തവണ എല്‍ഡിഫില്‍ ജോസ് പക്ഷം 16 സീറ്റിലും ജോസഫ് വിഭാഗം യുഡിഎഫില്‍ 13 ഇടത്തുമാണ് മത്സരിക്കുന്നത്.