ചെന്നൈ: കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ചെന്നൈയിൽ ആരംഭിച്ചു. എസ്ആർഎം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലാണ് പരീക്ഷണം ആരംഭിച്ചത്. കേന്ദ്രസർക്കാർ സഹകരണത്തോടെ ഐസിഎംആറും, ഭാരത് ബയോടെകും സംയുക്തമായാണ് കൊവാക്‌സിൻ നിർമ്മിക്കുന്നത്.
എസ്ആർഎം മെഡിക്കൽ കോളേജ് ആശുപത്രി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 1,000 മുതൽ 1,500 സന്നദ്ധപ്രവർത്തകരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്. വാക്‌സിൻ നൽകിയ ശേഷം ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കും. നേരത്തെ നടത്തിയ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. ഇതേ തുടർന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യ ഘട്ടത്തിൽ 30 പേരിലും, രണ്ടാം ഘട്ടത്തിൽ 150 പേരിലുമാണ് വാക്‌സിൻ പരീക്ഷിച്ചത്.
അതേസമയം കൊവാക്‌സിൻ ഉടൻ തന്നെ ജനങ്ങളിൽ എത്തിക്കാനുള്ള നടപടികൾ ഇതിനോടകം തന്നെ ഭാരത് ബയോടെക് ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. വാക്‌സിന്റെ ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഭാരത് ബയോടെക് ഡ്രഗ് കൺട്രോളർ ജനറലിനെ സമീപിച്ചിട്ടുണ്ട്.