ന്യൂഡൽഹി: രാജ്യതലസ്ഥാനാതിർത്തികൾ സ്തംഭിപ്പിച്ച് ഒരുമാസമായി നടക്കുന്ന സമരം അവസാനിപ്പിക്കാൻ ചൊവ്വാഴ്ച രാവിലെ 11-ന് ചർച്ചയ്ക്കു തയ്യാറാണെന്ന് സംയുക്ത കിസാൻ മോർച്ച കേന്ദ്രസർക്കാരിനെ അറിയിച്ചു. യോഗത്തിൽ ചർച്ചചെയ്യാനുള്ള നാലിന അജൻഡയും കൃഷിമന്ത്രാലയം ജോയന്റ് സെക്രട്ടറി വിവേക് അഗർവാളിനയച്ച കത്തിൽ കിസാൻ മോർച്ച മുന്നോട്ടുവെച്ചു.
മൂന്നു കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കാനുള്ള നടപടിയെടുക്കുക, ദേശീയ തലസ്ഥാന മേഖലയിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപവരെ പിഴശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയിൽനിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതിബിൽ പിൻവലിക്കുക എന്നിവയാണ് ചർച്ചയ്ക്ക് കിസാൻ മോർച്ച മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങൾ.
ചർച്ചയ്ക്കുള്ള ദിവസവും സമയവും കർഷകനേതാക്കൾ തീരുമാനിച്ച് അറിയിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം. പ്രായോഗികനിർദേശങ്ങൾ മുന്നോട്ടുവെക്കാതെ ചർച്ചയിൽ കാര്യമില്ലെന്ന് കിസാൻ മോർച്ച മറുപടിനൽകിയെങ്കിലും വ്യാഴാഴ്ച വീണ്ടും സർക്കാർ നേതാക്കൾക്കു കത്തയച്ചു. ഇതുകൂടി കണക്കിലെടുത്താണ് ശനിയാഴ്ചത്തെ തീരുമാനം.
നവംബർ 26-നാരംഭിച്ച കർഷകപ്രക്ഷോഭം ശനിയാഴ്ച ഒരുമാസം പൂർത്തിയായപ്പോൾ കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലേക്ക് എത്തിയതായിരുന്നു കാഴ്ച. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് കിസാൻസഭയുടെ നേതൃത്വത്തിൽ 1000 കിലോമീറ്റർ സഞ്ചരിച്ചുള്ള ‘ഡൽഹി ചലോ’ മാർച്ച് ഡൽഹി-ജയ്‌പുർ ദേശീയപാതയിലെ ഷാജഹാൻപുരിൽ എത്തിച്ചേർന്നിട്ടുണ്ട്. രണ്ടാഴ്ചയോളമായി ഇവിടം ഉപരോധിക്കുകയാണ് കർഷകർ. നാസിക്കിൽനിന്നെത്തിയവർ ഇവർക്കൊപ്പം ചേർന്നു.