കൊച്ചി: കേരളത്തിലെ ആദ്യ ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എറണാകുളം അമൃത ആശുപത്രി.
മലയാളികൾക്ക് മാത്രമല്ല ആഭ്യന്തര യുദ്ധത്തിൽ കൈകളും കാഴ്ചയും നഷ്ടമായ യമൻ പൗരന് കണ്ണുകളും കൈകളും അവയവദാനത്തിലൂടെ തിരികെ കിട്ടി. റോഡപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം എഴുകോൺ സ്വദേശി അനുജിത്തിന്റെ അവയവങ്ങൾ ഏഴ് പേർക്കാണ് പുതുജീവൻ നൽകിയത്.
പാലക്കാട് കാഞ്ഞിരത്തിൽ സ്വദേശി 32 വയസുകാരിയായ ദീപികമോൾക്ക് ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചു വരവാണ്. ചെറു കുടലുകൾ അസുഖം ബാധിച്ച് പോഷകാഹാരം സ്വാംശീകരിക്കാനാവാതെ മെലിഞ്ഞൊട്ടിയ ദീപികയ്ക്ക് ദൈവത്തെപ്പോലെയാണ് അനുജിത്തും കുടുംബവും.
ചെറുകുടൽ സ്വീകരിച്ച ദീപിക തിരിച്ചു കിട്ടിയ ജീവനുമായി രണ്ടു കുട്ടികളെ വളർത്തി വലുതാക്കുന്നത് സ്വപ്നം കാണുകയാണ്.
മഴ പോലെ ബോംബുകൾ വർഷിക്കപ്പെട്ട യെമനിൽ നിന്ന് കൈകളും കാഴ്ചയും നഷ്ടപ്പെട്ടാണ് ഇസ്ലാം അഹമ്മദ്, അമൃത ആശുപത്രിയിൽ എത്തിയത്. 40 പേരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ തീവ്ര പരിശ്രമത്തിനു അനുജിത്തിന്റെ കുടുംബത്തിനും കൈകൾ ഉയർത്തി നന്ദി പറയുകയാണ് 24 കാരനായ ഈ യുവാവ്.
പത്തു വർഷം മുമ്പ് റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടു പുസ്തകസഞ്ചി വീശി ട്രെയിൻ നിർത്തി അപകടം ഒഴിവാക്കിയ അനുജിത്ത് മരണത്തിനപ്പുറം ഇന്നും ഏഴ് മനുഷ്യരിലൂടെ ജീവിക്കുകയാണ്.