തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ വാട്സ് ആപ്പ് ചാറ്റിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം. ചെമ്പകമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനെ കുത്തിയ സുഹൃത്ത് വിമലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ രാത്രിയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. വിമലും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. വിമലിന്റെ സുഹൃത്തായ പെൺകുട്ടിയുമായി വിഷ്ണു നടത്തിയ വാട്സ് ആപ്പ് ചാറ്റിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുടലെടുത്തിരുന്നു.
വിഷ്ണുവിന്റെ വീട്ടിലെത്തിയ വിമൽ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘട്ടനത്തിൽ വിമലിനും പരിക്കേറ്റിട്ടുണ്ട്. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പൊലിസ് പറയുന്നു.
വിമലിനെതിരെ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റതിനാൽ നിലവിൽ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിമൽ. വിശദമായ മൊഴിയെടുത്ത ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു എന്ന് മംഗലപുരം സിഐ അറിയിച്ചു.