മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് ഇന്നു തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയ കൊല്ലം ജില്ലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. എല്ലാ ജില്ലകളിലേയും സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
രാവിലെ 8.30ന് മുഖ്യമന്ത്രി കൊല്ലത്തെത്തും. 10.30 നാണ് ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ സാംസ്‌കാരിക സാമൂഹിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുക. ജില്ലയിലെ പ്രധാന ബിഷപ്പുമാര്‍, മുസ്‌ലിം മത പണ്ഡിതന്മാര്‍, കശുവണ്ടി വ്യവസായികള്‍, വിവിധ മാനേജ്‌മെന്റ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഈ വിഭാഗങ്ങളില്‍ നിന്ന് 80 പേരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികള്‍ ഉള്‍പ്പെടെ 125 പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇവരുടെ അഭിപ്രായങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ പ്ലാനിങ് ബോര്‍ഡില്‍ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവും.
കൊല്ലം ബീച്ച് ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് കൂടിക്കാഴ്ച. പൊതുസമ്മേളനം ഉണ്ടാവില്ല. ഒരുമണിവരെ കൊല്ലം ജില്ലയില്‍ ചെലവഴിക്കുന്ന മുഖ്യമന്ത്രി അതിനുശേഷം പത്തനംതിട്ടയിലേക്ക് പോകും. കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍.ഡി.എഫിന്റെ പ്രകടനപത്രിക തയ്യാറാക്കുക.