വോട്ടെടുപ്പിന് ഇന്ന് തുടക്കം; ഇത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അപൂര്‍വത







തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിലെ കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്. 

സംസ്ഥാനത്താകെ 29,972 പേരാണ് ഇതുവരെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് വീട്ടിലെത്തി,വോട്ട് രേഖപ്പെടുത്തി വാങ്ങുക. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വതയ്ക്കാണ് തുടക്കമാകുന്നത്. 

തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുള്ള പട്ടികയിലുള്ളവരാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്. 9837 രോഗികളും 20135 ക്വാറന്റീനില്‍ കഴിയുന്നവരും ഉള്‍പ്പടെ 29972 പേരാണ് ഇതുവരെ പട്ടികയിലുള്ളത്. വോട്ടെടുപ്പിന് തലേന്ന് മൂന്നുമണിവരെ രോഗികളാകുന്നവര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും.ബാലറ്റ് പേപ്പര്‍ എത്തിക്കാന്‍ മുന്നൂറോളം പോളിങ് ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം നിയോഗിച്ചിരിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ രോഗികളെ ഫോണില്‍ വിളിച്ച് സന്ദര്‍ശനകാര്യം അറിയിക്കും. പരമാവധി അവിടുത്തെ സ്ഥാനാര്‍ഥികളെ അറിയിക്കാനും ശ്രമിക്കും. ബാലറ്റ് പേപ്പറില്‍ ആര്‍ക്കാണോ വോട്ട് രേഖപ്പെടുത്തേണ്ടത് ആ ആളിന്റ പേരിനു നേരെ പേനകൊണ്ട് ഗുണനചിഹ്നമോ ശരിചിഹ്നമോ ഇടണം.വോട്ടുചെയ്തശേഷം പഞ്ചായത്ത്, ബ്ലോക്ക്, ജില്ല ബാലറ്റുകള്‍ പ്രത്യേകം പ്രത്യേകം കവറിലാക്കിയാണ് തിരികെ നല്‍കേണ്ടത്. ബാലറ്റ് തിരിച്ചുകിട്ടിയാല്‍ പൊളിങ് ഒാഫീസര്‍ രസീത് നല്‍കും. ബാലറ്റ് പോളിങ് ഒാഫീസറുടെ കൈവശം കൊടുക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് തപാല്‍ വഴിയോ ബന്ധുക്കള്‍ വഴി നേരിട്ടോ വരാണാധികാരിക്ക് എത്തിക്കാം.



Previous Post Next Post