കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോ എന്നാണു സുരേന്ദ്രന്റെ വെല്ലുവിളി.
സ്പീക്കര്‍ക്കെതിരേ ആരോപണമുന്നയിച്ചത് ഉറച്ച ബോധ്യത്തോടെയാണ്. ആരോപണത്തില്‍ തനിക്കെതിരേ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നു പറയുന്നതല്ലാതെ നടപടി സ്വീകരിക്കട്ടെയെന്നും അതിനെന്താണു തടസം. സ്വര്‍ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്നു തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിച്ചു ജനങ്ങളോട് മാപ്പുപറയാന്‍ ശ്രീരാമകൃഷ്ണന്‍ തയാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. നിയമസഭ സ്പീക്കറെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കര്‍ കാണിച്ചിട്ടില്ല. സ്വര്‍ണക്കടത്തുകാരെ താന്‍ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്.
സ്പീക്കര്‍ ഊരാളുങ്കലിന് വേണ്ടി വലിയ അഴിമതി നടത്തി. ഊരാളുങ്കല്‍ സൊസൈറ്റി സി.പി.എം. നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ്. അധികം തുകയുടെ ടെണ്ടര്‍ നല്‍കി ബാക്കി തുക നേതാക്കള്‍ പങ്കിട്ടെടുക്കുന്നു. വൈദഗ്ധ്യമില്ലാത്ത മേഖലകളിലും സി.പി.എം. ഭരിക്കുന്ന ഊരാളുങ്കലിന് സര്‍ക്കാര്‍ കരാര്‍ നല്‍കുന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
ശ്രീരാമകൃഷ്ണന്‍ സിപിഎമ്മിന്റെ പ്രമുഖനേതാവാണ്. പാലാരിവട്ടം പാലത്തില്‍ ഇബ്രാഹിംകുഞ്ഞു ചെയ്ത അതേ അഴിമതിയാണു നിയമസഭയില്‍ സ്പീക്കര്‍ ചെയ്തത്. ഇയാള്‍ക്ക് സ്വപ്നയും സരിത്തുമായി സാധാരണ ബന്ധമല്ല ഉള്ളത്. അന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യം പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.