തിരുവനന്തപുരം: അഭയക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് പറയും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽ കുമാറാണ് വിധി പറയുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അഭയക്കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റർ സെഫിക്കെതിരെ കൊലപാതകവും തെളിവു നശിപ്പിക്കലുമാണ് തെളിഞ്ഞത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവരും. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങള്‍ക്ക് ശേഷമാണ് നിർണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്.