മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.









തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.  കോവിഡ്  വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി.

 കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന് മുൻപുള്ള പ്രസ്താവന ചട്ടലംഘനമാണ്. ഇത്തരമൊരു പ്രസ്താവന നടത്താനുള്ള അടിയന്തര സാഹചര്യം ഇല്ലായിരുന്നു. വോട്ടർമാരെ സ്വാധീനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. 

കോവിഡ് വാക്സിൻ സൗജന്യമാക്കണമെന്ന് യുഡിഎഫും മറ്റ് രാഷ്ട്രീയകക്ഷികളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്സിന്റെ ലഭ്യത സംബന്ധിച്ചോ, വാക്സിൻ എപ്പോൾ കേരളത്തിലേക്ക് എത്തുമെന്നത് സംബന്ധിച്ചോ യാതൊരു വിധത്തിലുമുള്ള അറിയിപ്പുകളുമില്ല, ഈ സാഹചര്യത്തിൽ പരസ്യപ്രചാരണത്തിന് തൊട്ടുമുൻപ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.


Previous Post Next Post