നായയുടെ കഴുത്തിൽ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നിൽ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെതിരെ ഐ.പി.സി. 428, 429 വകുപ്പുകൾ പ്രകാരവും പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് നിയമ പ്രകാരവുമാണ് കേസ് എടുത്തത്.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.
എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്ത് ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കഴുത്തിൽ കുടുക്കിട്ട നായയെ കാറിന്റെ പിന്നിൽ കെട്ടിയ ശേഷം ഓടിച്ചു പോവുകയായിരുന്നു.
കാറിനു പിന്നാലെ വന്ന അഖിൽ എന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ആശുപത്രിയിൽനിന്ന് മടങ്ങിവരുന്ന വഴിയാണ് സംഭവം അഖിലിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
ദൂരെനിന്ന് നോക്കിയപ്പോൾ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാൽ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന്റെ പിന്നിൽ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്.
നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതത്