മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനവുമായി കര്‍ഷകര്‍


കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദ് ആസൂത്രണം ചെയ്യാന്‍ ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മാർച്ച് 28ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരം മാര്‍ച്ച് 26ന് നാല് മാസം പൂര്‍ത്തിയാകും. നവംബര്‍ 26നാണ് സമരം തുടങ്ങിയത്. സമരം രണ്ട് മാസം പൂര്‍ത്തിയായ ജനുവരി 26ന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ അടിത്തറ വിപുലീകരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കര്‍ഷക സമരം 100 ദിവസം പിന്നിടുന്ന മാർച്ച് 15ന് കോർപറേറ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഭഗത് സിങ് രക്തസാക്ഷി ദിനമായ മാർച്ച് 23ന് ഡൽഹി അതിർത്തികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കള്‍ അണിനിരക്കും.


Previous Post Next Post