ഇരട്ടവോട്ട് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ്



തിരുവനന്തപുരം: ഇരട്ടവോട്ട് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുക. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാവും പുറത്തുവിടുക. പുറത്തുവിടുന്ന വിവരങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരിശോധിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട തന്റെ ഹര്‍ജിയിലെ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ 68,000 വോട്ടുകള്‍ മാത്രമെന്ന് പറഞ്ഞത് ശരിയല്ല. അവര്‍ വേണ്ടരീതിയില്‍ പരിശോധിച്ചിട്ടില്ല. പല ബൂത്തുകളിലായിട്ടാണ് വോട്ടുകള്‍ കിടക്കുന്നത്. അത് കണ്ടുപിടിക്കാന്‍ ഒരു ബിഎല്‍ ഒ വിചാരിച്ചാല്‍ നടക്കില്ല- ചെന്നിത്തല പറഞ്ഞു.

ഇരട്ടവോട്ട് തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി അല്പം മുമ്ബാണ് തീര്‍പ്പാക്കിയത്. ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമര്‍പ്പിച്ച മാര്‍ഗരേഖ ഹൈക്കോടതി പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. ഇതിനൊപ്പം തപാല്‍ വോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കാര്യത്തിലും ഹൈക്കോടതി ഇടപെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്.


Previous Post Next Post