വ്യാജ വാർത്തകൾ വാട്ട്‌സ്ആപ്പിൽ വളരെ വേഗത്തിൽ പ്രചരിക്കാറുണ്ട്, ഒപ്പം തന്നെ വ്യാജ ഓഫറുകളും. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അവരുടെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി എല്ലാ ഉപയോക്താക്കൾക്കും സൗജന്യ സമ്മാനങ്ങൾ നൽകും എന്ന ഒരു സന്ദേശമാണ് ഇപ്പോൾ വാട്സ്ആപ്പിൽ വൈറലായത്. സന്ദേശത്തിൽ ഒരു ലിങ്കും നൽകിയിട്ടുണ്ട്. ആമസോണിന്റേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റിലേക്കുള്ളതാണ് ആ ലിങ്ക്.
ഇ സന്ദേശം വാട്ട്‌സ്ആപ്പിൽ വൈറലായിട്ടുണ്ട്. നിരവധി ഗ്രൂപ്പുകളിലും ഇത് പ്രചരിക്കുന്നു. ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ ഒരു സർവേയിലേക്കാണ് എത്തുക. ആ പേജിൽ ആമസോൺ ലോഗോ പോലും ഉണ്ട്. മാത്രമല്ല ധാരാളം ആളുകൾ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു.
സർവേ പൂരിപ്പിച്ച ശേഷം നിങ്ങൾ ഒൻപത് ഇനങ്ങളിൽ നിന്ന് ഒരു ബോക്സ് തിരഞ്ഞെടുക്കുന്ന തരത്തിലാണ് ഈ വ്യാജ വെബ്സൈറ്റ് ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ ഒരാൾക്ക് സമ്മാനം ലഭിക്കുമെന്നും വാഗ്ദാനെ നൽകിയിരിക്കുന്നു. സമ്മാനം ക്ലെയിം ചെയ്യുന്നതിന്, ഉപയോക്താവ് വാട്ട്സ്ആപ്പിലെ 5 ഗ്രൂപ്പുകളിലേക്കോ 20 ചങ്ങാതിമാർക്കോ ലിങ്ക് കൈമാറേണ്ടതുണ്ടെന്നും ലിങ്ക് പറയുന്നു.
ഇത് വ്യാജ വെബ്സൈറ്റാണ്. ആമസോൺ അതിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാവർക്കും സൗജന്യ സമ്മാനങ്ങൾ നൽകാൻ സാധ്യതയില്ല, പ്രത്യേകിച്ച് വിലയേറിയ ഫോണുകൾ പോലുള്ള സമ്മാനങ്ങൾ. ഏറ്റവും പ്രധാനമായി, ആമസോൺ സൗജന്യ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽപ്പോലും, അത് ആമസോൺ വെബ്‌സൈറ്റിൽ പരസ്യം ചെയ്യും, വാട്ട്‌സ്ആപ്പ് വഴിയല്ല പരസ്യം ചെയ്യുക. ഒരു ബ്രാൻഡും വാട്ട്‌സ്ആപ്പ് വഴി സൗജന്യമായി ഫോണുകൾ പോലുള്ള സമ്മാനങ്ങൾ നൽകില്ലെന്നും ഓർമ്മിക്കുക.
ഈ ലിങ്കുകളിൽ ചിലത് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, നിങ്ങളുടെ വിലാസം മുതലായ വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ ആവശ്യപ്പെടുകയും അവയുപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. അവസാനമായി, ഡീലുകളെയോ ഓഫറുകളെയോ കുറിച്ച് ആരെങ്കിലും ഒരു സന്ദേശം കൈമാറുകയാണെങ്കിൽ,ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി സ്ഥിരീകരിക്കുന്നതാണ് നല്ലത്.
ഇത് വ്യാജമാണെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അതേക്കുറിച്ച് ലിങ്ക് പങ്കിട്ട വ്യക്തിയെ അറിയിക്കുകയും ചെയ്യുക.