കോട്ടയം : വിധവയും, നിരാലംബയും, രോഗിയും ആയ അയർക്കുന്നം സ്വദേശി ഷീനയ്‌ക്കും നാല് പെണ്മക്കൾക്കും കോട്ടയം കൂട്ടായ്മയുടെ കാരുണ്യ സമ്മാനം. നാല് പെണ്‍ മക്കളെയും കൂട്ടി ഒറ്റ മുറി വാടക വീട്ടില്‍ കഴിയുന്ന
ഇവർക്ക് വീട് വയ്ക്കുവാൻ വേണ്ടി മൂന്നു സെന്റ് ഭൂമി അയർക്കുന്നം പഞ്ചായത്തിൽ തന്നെ കോട്ടയം കൂട്ടായ്മ വാങ്ങി നൽകി.
സ്ഥലത്തിന്റെ ആധാരം ഷീനയുടെ പേരില്‍ കോട്ടയം കൂട്ടായ്‌മ രജിസ്റ്റർ ചെയതു നല്‍കി. കോട്ടയം കൂട്ടായ്മയുടെ സംഘാടകരായ സുമോദ് കുര്യൻ, അനില്‍ കുമാർ, കോട്ടയം കൂട്ടായ്മ അംഗവും മലയാളം മില്ലിന്റെ ചെയർമാനുമായ ജോയിസ് കൊറ്റത്തിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആധാരം ഷീനയ്ക്ക് കൈമാറി.
വീട് പണിക്കു വേണ്ടി കോട്ടയം കൂട്ടായ്മ ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്താൽ ഷീനയുടെ അക്കൗണ്ടിൽ സമാഹരിച്ച നാലര ലക്ഷം രൂപയിൽ നിന്നും രണ്ടുലക്ഷത്തി അമ്പത്താറായിരം രൂപ സ്ഥലത്തിനും രെജിസ്ട്രേഷനും വേണ്ടി ചിലവായി. ബാക്കി ഏകദേശം രണ്ടു ലക്ഷം രൂപയ്ക്കടുത്തു വീടുപണിക്ക് വേണ്ടി ഷീനക്ക് നല്കി.
ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാൻ പഞ്ചായത്തിൽ അപേക്ഷിച്ചിട്ടുണ്ട്, വൈകാതെ തന്നെ വീട് വയ്ക്കാനുള്ള തുക ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതായി ഷീന പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി കോട്ടയം കൂട്ടായ്മ
ഇവർക്ക് മാസ വാടകയ്ക്കും വീട്ടു ചിലവിനും വേണ്ടി 8000 രൂപ വീതം എല്ലാ മാസവും അയച്ചു നല്‍കുന്നു.
കോട്ടയം കൂട്ടായ്മയുടെ പഠനസഹായപദ്ധതിയി ൽ ഉൾപെടുത്തി ഇവരുടെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി
ടി.വി വിതരണത്തിനു സന്ദർശിച്ചപ്പോൾ ആണ് ഭക്ഷണത്തിനും ചികിത്സയ്ക്കും പോലും പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന ഇവരുടെ നിസ്സഹായ അവസ്ഥ അംഗങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.
കോട്ടയം ജില്ലയില്‍ നിരവധി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയതു വരുന്ന കോട്ടയം കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമോദ് ചിറത്തലാട്ട് , ആശ ദീപ, സുമോദ് ചിറത്തലാട്ട് , ജിജിലി റോബി, ജോ പി ജോൺ, ഗോര്‍ബി രാജു, വിനോദ് സാമുവേല്‍ എന്നിവർ നേതൃത്വം നല്‍കുന്നു. ജില്ലയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് പഠന സഹായം, കാൻസർ രോഗികള്‍ക്ക് ചികിത്സ സഹായം, ഭവന ദാനം, വിവാഹ ധനസഹായം, കുട്ടികള്‍ക്ക് പഠിക്കാൻ വേണ്ടി ടി.വി വിതരണം അങ്ങനെ നിരവധി പദ്ധതികളാണ് കോട്ടയം കൂട്ടായ്മ നടപ്പാക്കിയത്. കോട്ടയം കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ കോട്ടയം MLA തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിനന്ദിച്ചു.