പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ടെലിഫോണ്‍ ബന്ധവും ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചു. 4600 രൂപയുടെ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ടെലിഫോണ്‍ കമ്പനിയുടെ നടപടി. പൊതുഭരണവകുപ്പാണ് ബില്ല് അടയ്‌ക്കേണ്ടത്.
അതേസമയം, ഈസ്റ്ററിനും വിഷുവിനും മുമ്പ് ഭക്ഷ്യകിറ്റും പെന്‍ഷനും വിതരണം ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞുമതി വിതരണമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. എറണാകുളത്ത് മീറ്റ് ദി പ്രസിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ഭക്ഷ്യകിറ്റും പെന്‍ഷനും വിതരണം തടയുന്നതുകൊണ്ട് ജനങ്ങള്‍ യുഡിഎഫിനെതിരാവുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ മല്‍സ്യബന്ധന വിവാദമുണ്ടാക്കാന്‍ തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടന്നിട്ടില്ലെന്നും ഇതില്‍ ആരോപിക്കപ്പെടുന്ന ‘ദല്ലാള്‍’ ആരാണെന്ന് താന്‍ പറയില്ലെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ഓഫീസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തട്ടെ. തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഈ വിവാദത്തില്‍ കുറ്റക്കാരനല്ല. അങ്ങനെ ഉണ്ടെങ്കില്‍ അദ്ദേഹം മറുപടി പറയുന്നുണ്ട്. വിവാദമുണ്ടാക്കാനുള്ള രേഖകള്‍ എത്തിച്ചത് പ്രശാന്തല്ല. എനിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ പോലൂം എത്തിക്കാന്‍ ആളുണ്ട്. യാനം നിര്‍മ്മിക്കാന്‍ കെഎസ്ഐഡിസി എംഡിയായ പ്രശാന്ത് ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെന്നാണ് പ്രശാന്തിന്റെ പുറത്തുവന്ന വാട്സാപ്പ് സന്ദേശം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.