സിനിമ ചിത്രീകരണത്തിനിടെ നടൻ ഫഹദ് ഫാസിലിനു പരിക്കേറ്റു.


കൊച്ചി: കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ നടൻ ഫഹദ് ഫാസിലിനു പരിക്കേറ്റു. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇന്നലെയാണ് അപകടം നടന്നത്. വീടിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള  ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിങ് നടന്നത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. താരത്തെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അതിജീവനം പ്രമേയമാക്കുന്ന ചിത്രമെന്നാണ് 'മലയന്‍കുഞ്ഞി'നെക്കുറിച്ച് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന വിവരം. സംവിധായകന്‍ മഹേഷ് നാരായണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്‍റെ അരങ്ങേറ്റചിത്രമായ 'കൈയെത്തും ദൂരത്തി'ന്‍റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. 

Previous Post Next Post